Saturday, November 14, 2009

ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌ കൂടി കേള്‍ക്കണം.




നിങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി നോക്കിയിട്ടുണ്ടോ? അവിടെ ക്ഷേമപദ്ധതികളുടെ അപേക്ഷ പൂരിപ്പിച്ച്‌ കിട്ടാന്‍ ക്യൂ നില്‍ക്കുന്ന കുറെ അമ്മമാരെ കാണാം, മുക്കാല്‍ ശതമാനത്തിലേറെ പേരും പട്ടികജാതി-വര്‍ഗ ജനവിഭാഗത്തില്‍ പെട്ടവരായിരിക്കും. ഫോറങ്ങളിലെ ചോദ്യങ്ങള്‍ അത്ര സങ്കീര്‍ണതയുള്ളവയൊന്നുമാവില്ല. പേരും വയസ്സും വിലാസവുമടക്കം അവനവനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രം. പക്ഷേ അതുപോലും പരസഹായം കൂടാതെ നിര്‍വഹിക്കാന്‍ കഴിയാത്ത സമൂഹമാണ്‌ ഞങ്ങളുടേത്‌. ഒടുവില്‍ പൂരിപ്പിച്ച അപേക്ഷക്ക്‌ ചുവട്ടില്‍ മഷിയില്‍ വിരല്‍ മുക്കി പതിക്കുന്നതാണ്‌ ഞങ്ങളുടെ ഒപ്പ്‌. ഈ അവസ്‌ഥ മാറ്റിയെടുക്കാനാണ്‌ സാക്ഷരതാ പ്രസ്‌ഥാനമുണ്ടായത്‌. മറ്റനേകം ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത്‌. പക്ഷേ ഞങ്ങളുടെ ദുരവസ്‌ഥ മാറിയില്ല. പദ്ധതികളുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക്‌ അതില്‍ ലവലേശം വിഷമവും തോന്നിയില്ല.
ഇനി ഞങ്ങളുടെ കോളനികളിലേക്കൊന്ന്‌ വരുക.
അവിടെ മിക്ക വീടുകളിലും അച്‌ഛനും അമ്മയും കുട്ടികളുമെല്ലാം പണിക്ക്‌ പോകുന്നവരായിരിക്കും. പ്രായവും രോഗവും തളര്‍ത്തിയ വൃദ്ധരായ മാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളും മാത്രമാവും പകല്‍ വീടുകളിലുണ്ടാവുക. മുല കുടിക്കുന്ന കുഞ്ഞുങ്ങളെ വീട്ടില്‍ ഉറക്കിക്കിടത്തിയിട്ട്‌ കൂലിപ്പണിക്കും കല്ലുപണിക്കും പോകുന്നവരാണ്‌ ഞങ്ങളുടെ പെങ്ങന്മാര്‍. പക്ഷേ അധ്വാനവും ക്ഷീണവും മാത്രമേ അതില്‍ മിച്ചമുണ്ടാവൂ. എല്ലുമുറിയെ പണിയെടുത്ത്‌ കിട്ടിയ പണവും വീട്ടിലെ സ്‌ത്രീകള്‍ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തില്‍ തിരുകി ഞങ്ങളുടെ പുരുഷന്മാര്‍ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ്‌ കോര്‍പറേഷന്‍ വില്‍പനശാലകള്‍ക്ക്‌ മുന്നിലെ ക്യൂവില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ടാവും. മദ്യത്തിന്‍െറ ലഹരി പോരാത്തവര്‍ മയക്കുമരുന്ന്‌ കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്‌സ്‌റ്റാന്‍റുകളുടെയും പിന്നാമ്പുറങ്ങളും തേടിപ്പോയിട്ടുണ്ടാവും. കുടുംബം മുഴുവന്‍ അധ്വാനിച്ചിട്ടും രോഗം പിടിച്ച്‌ മേലനക്കാന്‍ വയ്യാതെ കിടക്കുന്ന മാതാപിതാക്കള്‍ക്ക്‌ മരുന്നു വാങ്ങാന്‍, വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ കഞ്ഞി വെക്കാന്‍, സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക്‌ യൂനിഫോം വാങ്ങാന്‍ ഇതിനൊന്നും പണം തികയാതെ ദാരിദ്ര്യവും ചീത്തവിളികളും മര്‍ദനങ്ങളും പാരമ്പര്യസ്വത്തായി കൈമാറിപ്പോരുന്നത്‌ കാണാം. സ്വന്തമായുള്ള തുണ്ടുഭൂമിയുടെ പ്രമാണപത്രങ്ങള്‍ മുമ്പെങ്ങോ വാങ്ങിയ കുറച്ച്‌ നൂറുരൂപാ നോട്ടുകള്‍ക്ക്‌ പണയമായി നാട്ടിലെ ഏതെങ്കിലും ഭൂപണയ ബാങ്കിലോ കാശുകാരന്‍െറ ലോക്കറിലോ വിശ്രമിക്കാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളായിട്ടുണ്ടാവും. ഈ അവസ്‌ഥകളില്‍ നിന്ന്‌ മോചനം നേടുക എന്നത്‌ ദലിത്‌ സമൂഹത്തിന്‍െറ എക്കാലത്തെയും സ്വപ്‌നമാണ്‌. തലമുറകളായുള്ള സ്വപ്‌നം. പക്ഷേ അടിമ മനസ്സുള്ളവര്‍ അടിമകളായും അധികാരി മനസ്സുള്ളവന്‍ അധികാരിയായും തുടരുന്ന ഈ പ്രക്രിയക്ക്‌ യാതൊരു മാറ്റവും സംഭവിച്ചില്ല. ദലിതര്‍ക്ക്‌ രണ്ടായിരത്തിലേറെ സംഘടനകളുണ്ട്‌, പതിനായിരത്തില്‍ പരം നേതാക്കളുണ്ട്‌. മരിച്ചാല്‍ കുഴിച്ചിടാന്‍ ഭൂമിയില്ലാതെ തലയില്‍ കൈവെച്ച്‌ കരയുന്ന ദലിതന്‍െറ കഥപറഞ്ഞ്‌ ഈ അവസ്‌ഥകളില്‍ മാറ്റം വരുത്തണം എന്ന്‌ പറയുന്ന നിരവധി പേരുണ്ട്‌. പക്ഷേ എങ്ങനെ ദലിതന്‍െറ മോചനം സാധ്യമാക്കണം എന്ന കാര്യത്തില്‍ ക്രിയാത്‌മകമായ നടപടികളെടുക്കാന്‍ അവരൊന്നും ശ്രമിച്ചില്ല. ദലിതന്‍െറ മോചനം എന്നു പറഞ്ഞത്‌ നിലവിലനുഭവിക്കുന്ന കഷ്‌ടതകളില്‍ നിന്നും അവഗണനകളില്‍ നിന്നും അവഹേളനങ്ങളില്‍ നിന്നുമുള്ള സംരക്ഷണമാണ്‌. അത്‌ നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നതും നമ്മുടെ ഭരണകര്‍ത്താക്കള്‍ സദാ ലംഘിക്കുന്നതുമാണ്‌.
കഷ്‌ടതകള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ ദലിത്‌ സമൂഹത്തിന്‍െറ സമ്പൂര്‍ണനാശമാവും ഫലം എന്ന തിരിച്ചറിവില്‍ നിന്ന്‌ 2007 ഡിസംബര്‍ 26നാണ്‌ ദലിത്‌ ഹ്യൂമന്‍റൈറ്റ്‌സ്‌ മൂവ്‌മെന്‍റ്‌ (ഡി.എച്ച്‌.ആര്‍.എം) രൂപമെടുക്കുന്നത്‌. ആറ്‌ ദലിത്‌ പ്രവര്‍ത്തകരില്‍നിന്നാണ്‌ ഈ സംഘടനയുടെ ആരംഭം. സ്‌ഥാപക ചെയര്‍മാന്‍ പറവൂര്‍ സ്വദേശി പവിത്രന്‍ കുടുംബവിഷയങ്ങളിലെ ചില തിരക്കുകള്‍ മൂലം സ്‌ഥാനമൊഴിഞ്ഞതുമുതല്‍ ഞാനാണ്‌ സംഘടനയുടെ ചെയര്‍മാന്‍. നിയമാനുസൃതമായ രീതിയിലും പരസ്യസ്വഭാവത്തിലുമാണ്‌ ഞങ്ങളുടെ രൂപവത്‌കരണവും പ്രചാരണവും പ്രവര്‍ത്തനവുമെല്ലാം. കഷ്‌ടപ്പാടുകളും വേദനകളും അനുഭവിച്ചുവളര്‍ന്ന ഞങ്ങള്‍ക്ക്‌ ദലിത്‌ സമൂഹത്തിന്‍െറ പ്രശ്‌നമെന്തെന്ന്‌ മറ്റാരില്‍ നിന്നും അറിയേണ്ടി വന്നില്ല. പുസ്‌തകങ്ങളില്‍ നിന്നും ഗവേഷണ പ്രബന്‌ധങ്ങളില്‍ നിന്നുമല്ല, സ്വന്തം ജീവിതാനുഭവത്തില്‍നിന്നാണ്‌ ഞങ്ങള്‍ ദലിതരുടെ കഷ്‌ടപ്പാടുകള്‍ വായിച്ചറിഞ്ഞത്‌. മദ്യ ലഹരിയും നിരക്ഷരതയും ഇല്ലാതാക്കിയാല്‍ തന്നെ പകുതിയിലേറെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവുമെന്ന്‌ ഞങ്ങള്‍ക്കറിയാമായിരുന്നു. കോളനികളില്‍ നിന്ന്‌ മദ്യത്തെയും മയക്കുമരുന്നിനെയും കുടിയിറക്കുക എന്ന ശ്രമകരമായ ദൗത്യമാണ്‌ ഞങ്ങള്‍ ഏറ്റെടുത്തത്‌. അതത്ര എളുപ്പമല്ല എന്ന്‌ ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ മദ്യത്തില്‍ മുങ്ങിക്കിടന്ന പലവീടുകളും മദ്യമുക്‌തമായി എന്നത്‌ ഞങ്ങളുടെ അഭിമാനവും ആത്‌മവിശ്വാസവും വര്‍ധിപ്പിച്ചു. മദ്യത്തിന്‍െറ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ കാമ്പയിന്‍ ശക്‌തമാക്കിയതോടെ കോളനികളെ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന മദ്യമാഫിയ ഞങ്ങള്‍ക്കെതിരായി, ഞങ്ങളുടെ പ്രവര്‍ത്തകര്‍ ശാരീരികമായ അതിക്രമങ്ങള്‍ക്കിരയായി. മിക്ക കോളനികളിലും വിവിധ രാഷ്‌ട്രീയ സംഘടനകളുടെ പിന്‍ബലത്തോടെയാണ്‌ മദ്യമാഫിയയും വാറ്റുകാരും പ്രവര്‍ത്തിക്കുന്നത്‌. രാഷ്‌ട്രീയക്കാരും ക്രമേണ ഞങ്ങള്‍ക്കെതിരായി. കേരളത്തിലെ തൊണ്ണൂറു ശതമാനം ദലിത്‌ കുടുംബങ്ങളില്‍ ഒരാളുടെ പേരിലെങ്കിലും പൊലീസ്‌ കേസ്‌ ഉണ്ടാവും. പാര്‍ട്ടികള്‍ക്ക്‌ കൊടിപിടിക്കാനും പോസ്‌റ്ററൊട്ടിക്കാനും നടക്കുന്ന ദലിതന്‍ അവന്‍െറ രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ വേണ്ടി നടത്തിയ തല്ലിന്‍െറ പേരിലെ കേസുകളായിരിക്കും അതില്‍ ഭൂരിഭാഗവും. ദലിതന്‍ സ്വബോധത്തോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍ ഇനിമേല്‍ അവരുടെ താളത്തിനു തുള്ളാന്‍ ദലിതനെ കിട്ടില്ലെന്നതിനാല്‍ ഞങ്ങള്‍ക്കെതിരെ അടിസ്‌ഥാനരഹിതമായ ആരോപണങ്ങളുമാരംഭിച്ചു. ദലിതര്‍ സഹകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ അത്‌ നന്നായി പ്രതിഫലിക്കുമെന്ന്‌ ഇവിടത്തെ നേതാക്കള്‍ക്ക്‌ നന്നായി അറിയാം. ഇപ്പോള്‍ വര്‍ക്കലയില്‍ നടന്ന ഒരു കൊലപാതകവുമായി ഞങ്ങളെ ബന്‌ധപ്പെടുത്തിപ്പറഞ്ഞാണ്‌ രാഷ്‌ട്രീയ കക്ഷികളും പത്രങ്ങളും പൊലീസും ഞങ്ങള്‍ക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നത്‌. അവിവാഹിതനായ എനിക്ക്‌ രണ്ട്‌ ഭാര്യമാര്‍ ഉണ്ടെന്ന്‌ ഒരു പത്രം പറയുന്നു. ആ സ്‌ത്രീകളെ പത്രം ഹാജരാക്കുന്ന പക്ഷം അവരെ സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്‌. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും ഏറ്റെടുക്കാന്‍ സന്തോഷം. ഒരു സമൂഹത്തോടുള്ള പക തീര്‍ക്കേണ്ടത്‌ അതിന്‍െറ നേതാക്കള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടല്ല. തിരുവനന്തപുരം ജില്ലയില്‍ ഒരു ക്ലാസ്‌ നടത്തുന്നതിനിടെയാണ്‌ സംഘടനയുടെ ദക്ഷിണമേഖലാ ഓര്‍ഗനൈസര്‍ ദാസ്‌ കെ.വര്‍ക്കലയെ പൊലീസ്‌ പിടികൂടിയതായി അറിയുന്നത്‌. പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത അഡ്വ. ജെ. അശോകന്‍ സംഘടനയുടെ നിയമോപദേശകനാണ്‌. പ്രഫുല്ല കുമാര്‍ എന്ന തങ്കുട്ടനും സംഘടനയുടെ നേതൃനിരയിലുള്ളയാളാണ്‌. ഇവരെയെല്ലാം കസ്‌റ്റഡിയില്‍ വെച്ച്‌ പീഡിപ്പിച്ച ശേഷം കൊലപാതകക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഞങ്ങള്‍ അക്രമത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ്‌. പൊലീസ്‌ പ്രചരിപ്പിക്കുന്നതു പോലെ സംഘടനയുടെ നേതൃത്വം അറിഞ്ഞല്ല ഈ കൊലപാതകം നടന്നിരിക്കുന്നത്‌. ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഈ സംഭവത്തില്‍ പങ്കില്ല എന്നു തന്നെയാണ്‌ ഈ നിമിഷം വരെയുള്ള വിശ്വാസം. ഞങ്ങള്‍ ഇതേക്കുറിച്ച്‌ ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും ഈ കൊലയുമായോ മറ്റേതെങ്കിലും അക്രമപ്രവര്‍ത്തനങ്ങളുമായോ ബന്‌ധമുണ്ടെന്ന്‌ ബോധ്യം വന്നാല്‍ അവരെ നിയമത്തിനുമുന്നില്‍ ഹാജരാക്കാന്‍ ഞങ്ങള്‍ തയാറുമാണ്‌. നാട്ടില്‍ നടക്കുന്ന അനിഷ്‌ട സംഭവങ്ങളില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രതികളാവാറുണ്ട്‌. മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ പോലും ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പ്രതികളാണ്‌ എന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌. അതിന്‍െറ പേരില്‍ കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവ്‌ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ സംസ്‌ഥാന സെക്രട്ടറിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്യാന്‍ ശ്രമിക്കില്ല, അത്‌ ന്യായവുമല്ല. എന്നാല്‍ ദലിത്‌ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരായി കേസ്‌ കെട്ടിച്ചമച്ച പൊലീസ്‌ അതിന്‍െറ നേതാക്കളെ പിടികൂടി ജയിലിലടയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌. പൊലീസ്‌ വേട്ടയും അറസ്‌റ്റുകളും കുപ്രചാരണങ്ങളും ഒരു വശത്ത്‌ നടക്കുമ്പോള്‍ മറുവശത്ത്‌ ഞങ്ങളുടെ പ്രവര്‍ത്തനം പതിവുപോലെ സജീവമായി നടക്കുന്നുണ്ട്‌. ഞങ്ങള്‍ക്ക്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും സമുദായ സംഘടനയുമായും തീവ്രവാദി ഗ്രൂപ്പുകളുമായും ബന്‌ധമില്ല. ആയുധ പരിശീലനം ഞങ്ങളുടെ അജണ്ടയിലുമില്ല. പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ വിവരമറിയിച്ച ശേഷമാണ്‌ ഞങ്ങള്‍ ക്യാമ്പുകള്‍ നടത്താറ്‌. ഒരു ദലിത്‌ കുഞ്ഞുപോലും തീവ്രവാദിയോ സാമൂഹിക വിരുദ്ധനോ ആയി മാറാതിരിക്കാനുള്ള ക്ലാസുകളാണ്‌ ഞങ്ങളുടേത്‌. വനമധ്യത്തില്‍ ഡി.എച്ച്‌.ആര്‍.എം ക്യാമ്പ്‌ നടത്തി എന്ന്‌ ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വന്നു. അത്‌ ശരി തന്നെയാണ്‌. പട്ടിക വര്‍ഗ സമൂഹം കാടുകളില്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍ അവിടെത്തന്നെയാണ്‌ ഞങ്ങള്‍ ക്യാമ്പും ക്ലാസുകളും നടത്തുന്നത്‌. കോളനികള്‍ നഗരമധ്യത്തിലാണെങ്കില്‍ അവിടെയാവും ക്യാമ്പ്‌ നടത്തുക. ദലിതര്‍ മുഖ്യധാരയില്‍ നിന്ന്‌ വേറിട്ടു നിന്ന്‌ പ്രവര്‍ത്തിക്കുന്നത്‌ അപകടകരമാണ്‌ എന്ന രീതിയില്‍ ചില ദലിത്‌ നേതാക്കള്‍ തന്നെ അഭിപ്രായപ്രകടനം നടത്തിയതായി വായിച്ചുകേട്ടു. പക്ഷേ, പതിറ്റാണ്ടുകളായി മുഖ്യധാരയുടെ പിറകേ നടന്നിട്ടും പിന്നാമ്പുറക്കാരനായ ദലിതന്‍ മുന്‍നിരയില്‍ എത്താഞ്ഞത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ അവരൊന്നും വിശദീകരിക്കുന്നില്ല. ഞങ്ങളെ കുറ്റം പറഞ്ഞാലും ശരി നമ്മുടെ നാട്ടിലെ ദലിത്‌ നേതാക്കളോടെല്ലാം ഞങ്ങള്‍ക്ക്‌ ആദരവാണുള്ളത്‌. ഡോ. ബാബാ സാഹേബ്‌ അംബേദ്‌കറും മഹാത്‌മാ അയ്യങ്കാളിയുമാണ്‌ ഞങ്ങളുടെ ആദര്‍ശപുരുഷന്‍മാര്‍. ഞങ്ങളുടെ യൂനിഫോം ബനിയനില്‍ ഭരണഘടനാ ശില്‍പി ബാബാ സാഹേബിന്‍െറ ചിത്രം പതിക്കുക വഴി ഇന്ത്യന്‍ ഭരണഘടനയോടുള്ള പ്രതിബദ്ധതയാണ്‌ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്‌. സംഘടനകള്‍ അവര്‍ക്ക്‌ ഇഷ്‌ടമുള്ള യൂനിഫോം സ്വീകരിക്കുന്ന രീതി രാജ്യത്ത്‌ പുതിയ സംഭവമൊന്നുമല്ല. മിക്ക സംഘടനകള്‍ക്കും യൂനിഫോം ഉണ്ട്‌. വിശേഷിച്ച്‌ കേഡര്‍ സംഘടനകള്‍ക്ക്‌. നമ്മുടെ നാട്ടിലെ ന്യായാധിപന്മാരുടെ സ്‌ഥാനവസ്‌ത്രത്തിന്‍െറ നിറം കറുപ്പാണ്‌. ശബരിമല തീര്‍ഥാടകരുടെ വേഷവും കറുപ്പ്‌ വസ്‌ത്രമാണ്‌. അവ സര്‍വര്‍ക്കും സ്വീകാര്യമായ വേഷങ്ങളാണ്‌. പക്ഷേ, ഞങ്ങളുടെ കറുത്ത യൂനിഫോമില്‍ മാത്രം ദുരൂഹതയും തീവ്രതയും കാണുന്നുവെങ്കില്‍ അത്‌ ആ വേഷത്തോടുള്ള വിരോധം കൊണ്ടല്ല, ഞങ്ങളുടെ കറുത്ത തൊലിയോടുള്ള അടങ്ങാത്ത വിദ്വേഷം മൂലമാണ്‌.