Sunday, December 9, 2012

സി.പി.എം ജാതിസംഘടനയുണ്ടാക്കുന്നത് ദുരൂഹം


കേരളത്തില്‍ ദലിത് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം കോളനികളില്‍ പട്ടിക ജാതിക്കാര്‍ക്ക് വേണ്ടി സംഘടനയുണ്ടാക്കുന്നത് ദുരൂഹമാണ്.വര്‍ഷങ്ങള്‍ മാറി മാറി സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍  കേരളം ഭരിച്ചു. പ്രാഥമീകമായ ഭൂമി പ്രശ്‌നം പോലും പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. സിപിഎമ്മിന്റെ വോട്ടുകുത്തുന്ന അടിമകളായാണ് ദലിതരെ പാര്‍ട്ടി വളര്‍ത്തിയത്. ഇതിനെതിരെ നിലപാടെടുത്ത സംഘടനകളെ തീവ്രവാദികളാക്കി പീഡിപ്പിച്ചതും സിപിഎം സര്‍ക്കാരാണ്. ഭരണം മാറിയപ്പോള്‍ പോലീസ് പീഡനം മതിയാക്കി ബ്ലാക്മാന്‍ എന്ന കള്ളപ്രചരണം നടത്തി പീഡിപ്പിക്കുന്നു. ദലിതരെ എല്ലാതരത്തിലും പീഡിപ്പിച്ച സിപിഎം ഇപ്പോള്‍ കോളനി സംഘടനകളുണ്ടാക്കി പുതിയ രൂപത്തിലുള്ള മറ്റൊരു പീഡനമാണ് നടത്തുന്നത്.  കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തില്‍ തീവ്രവാദ വേട്ടയുടെ പേരില്‍ നടത്തിയ ദലിത് വേട്ടയ്ക്ക് ആദ്യം മാപ്പുപറയാന്‍ തയ്യാറാകണം. കൊല്ലം ജില്ലയില്‍ മാത്രം നിരവധി കള്ളകേസുകളാണ് ചുമത്തിയത്. ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ വഴി നുണപ്രചരണം നടത്തി. അത് വിജയിക്കാതായപ്പോഴാണ് പട്ടികജാതി സംഘടനയുണ്ടാക്കുന്നത്.ദേശിയതലത്തില്‍ ഇത്തരമൊരു നീക്കം നടത്താത്ത സിപിഎം പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് കേരളത്തില്‍ മാത്രം ഇത്തരമൊരു സഘടന ഉണ്ടാക്കുന്നത്. ദലിതര്‍ സിപിഎമ്മിന്റെ ചതി മനസിലാക്കി തുടങ്ങിയതോടെയാണ് പുതിയ രൂപത്തില്‍ വരുന്നത്. സിപിഎമ്മിനോട് അകലം പാലികക്കുന്നവരെ നേരത്തെ സംഘപരിവാര സംഘടനകളിലേക്ക് സിപിഎം തന്നെ തള്ളിവിടുകയും പരസ്പരം സംഘര്‍ഷത്തിന് വഴിയൊരുക്കുകയും ചെയ്യുമായിരുന്നു. പുതിയ പട്ടിക ജാതി സംഘടന വരുന്നതോടെ കോളനികളില്‍ സംഘര്‍ഷത്തിനു കൂടിയാണ ്‌സിപിഎം ഗൂഢാലോചന നടത്തുന്നത്.
ഡിഎച്ച്ആര്‍എമ്മിനെതിരെ എടുത്ത കൊലപാതക കേസുള്‍പ്പെടെ എല്ലാം കളവാണെന്ന് തെളിയുകാണ്. കൊല്ലം കോടതി തീപിടുത്ത കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയില്ല. ഇത് തന്നെ സിപിഎം മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ ദലിത് വേട്ടയ്ക്ക് തെളിവാണ്. ഡിഎച്ച്ആര്‍എം തീവ്രവാദ സംഘടനായണെന്ന് തെളിയിക്കാന്‍ വര്‍ഷം കഴിഞ്ഞിട്ടും പോലീസിനായില്ല. കേരളത്തിലെ ദലിത് മുന്നേറ്റങ്ങളെ തടയാന്‍ സിപിഎം നേതൃത്വം നല്‍കിയ ദലിത് വേട്ടയായിയിരുന്ന ബ്ലക് മാനും തീവ്രവവാദവും. ഇപ്പോള്‍ കോളനി സംഘടനകളും. സിപിഎമ്മിന്റെ ദിലിത് വിരുദ്ധ നടപടിക്കെതിരെ സംസ്ഥാന തലത്തില്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കും...സിപിഎം നടത്തിയ ദലിത് വേട്ടയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സമഗ്രാമായി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.

'ബ്ലാക്ക്മാന്‍'തിരക്കഥ എന്തിന് ?


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ മാസങ്ങളായി അരങ്ങുവാഴുന്ന ബ്ലാക്ക്മാന്‍ കഥ ദലിതരും പിന്നോക്കക്കാരും താമസിക്കുന്ന ഗ്രാമങ്ങളിലും കോളനികളിലും ഭീതിയുടെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. രണ്ടു മാസങ്ങള്‍ക്ക് അപ്പുറം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര എന്ന ഗ്രാമത്തിലാണ് ബ്ലാക്ക്മാന്‍ കഥയ്ക്ക് തുടക്കമിട്ടത്. നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ, കറുത്തകോട്ടണിഞ്ഞ് മുഖം മറച്ച് മാരകായുധങ്ങളുമായാണ് ബ്ലാക്ക്മാന്‍ വരുന്നത്. സ്ത്രീകളും കുട്ടികളും മാത്രം തനിച്ച് താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് ബ്ലാക്ക്മാന്റെ ആക്രമണം. രാത്രികാലങ്ങളില്‍ കതകില്‍ തട്ടിവിളിച്ച് ശബ്ദമുണ്ടാക്കുക, വീട്ടുകാര്‍ കതകുതുറന്ന് നോക്കുമ്പോള്‍ ബ്ലാക്ക്മാന്‍ ഓടി മറയുക ഇങ്ങനെ നീളുന്നു പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകള്‍. 
ഒക്‌ടോബര്‍ 15ാം തീയതി ആറ്റിങ്ങല്‍ കടവിള കാട്ടുപറമ്പ് പ്രദേശത്ത് കൂലിവേല കഴിഞ്ഞ് മടങ്ങിയെത്തിയ കെട്ടിടനിര്‍മ്മാണതൊഴിലാളികളായ ദലിത് യുവാക്കളെ ബ്ലാക്ക്മാനെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും തുടര്‍ന്ന് മര്‍ദ്ദിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു. നാട്ടില്‍ ബ്ലാക്ക്മാന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുകയും നിരപരാധികളെ മര്‍ദ്ദിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ആറ്റിങ്ങല്‍ DYSP പ്രശാന്തന്‍കാണി കൊലപാതകശ്രമം ചുമത്തി കേസ്സ് എടുക്കുമെന്ന് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് പ്രഖ്യാപിക്കുകയുണ്ടായി. 
വര്‍ക്കല ഞെക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2012 സെപ്തംബര്‍ 28 വെള്ളിയാഴ്ച പകല്‍ 12 മണിക്ക് ഒരു കുട്ടിയുടെ ചെവി ബ്ലാക്ക്മാന്‍ കടിച്ചു പറിക്കുകയും സെക്യൂരിറ്റി നിന്ന ജീവനക്കാരനെ തലയ്ക്ക് കമ്പികൊണ്ട് അടിച്ച് തലപൊട്ടിക്കുകയും ചെയ്തു. ഈ ഊഹോപോഹകഥ പ്രചരിച്ചതിലൂടെ പരിഭ്രാന്തരായ നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഭവസ്ഥലമായ സ്‌കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ബ്ലാക്ക്മാന്‍ സംഭവം വെറുമൊരു കെട്ടുകഥയാണെന്ന് ബോധ്യമായി.
കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലും കൊട്ടാരക്കര എം.സി. റോഡിന് വടക്കുഭാഗത്തുള്ള വൈങ്കോട്ടൂര്‍, ഇടയം, വയയ്ക്കല്‍, അര്‍ക്കന്നൂര്‍, തേവന്നൂര്‍, പോരേടം തുടങ്ങിയ പ്രദേശങ്ങളിലും കറുത്തകുപ്പായക്കാരായ അമാനുഷികശക്തിയെക്കുറിച്ചുള്ള കുപ്രചരണം വ്യാപകമാക്കിയിട്ടുണ്ട്. ഇളമാട്, ചടയമംഗലം, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകളിലും ബ്ലാക്ക്മാന്‍ പ്രചരണം ശക്തമായി തുടരുകയാണ്.ആയൂര്‍ ഇളമാട് പഞ്ചായത്തിലെ കുണ്ടൂര്‍ കോളനിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ബ്ലാക്ക്മാന്‍ ഭീതിയിലായിരുന്നു കോളനിവാസികള്‍. രണ്ടുദിവസം മുന്‍പ് (2012 ഒക്‌ടോബര്‍ 30 ന്) രാത്രി പതിനൊന്ന് മുപ്പതോടെ കോളനിക്ക് സമീപത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയ 6 പേര്‍ ഈ പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ ഉല്‍പ്പെട്ട അമ്പലംമുക്ക് ഭാഗത്ത് നിന്നുള്ള ശിവസേനക്കാര്‍ ആയിരുന്നു. ഇവരെ കോളനിനിവാസികള്‍ ചടയമംഗലം പോലീസിന് കൈമാറി. എന്നാല്‍ ജീപ്പില്‍ കൊണ്ടുപോകാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു ജീപ്പിലെത്തിയ ആയുധധാരികളായ ഒരു സംഘം പോലീസിന്റെ മുന്നില്‍ നിന്നും ബലമായി മോചിപ്പിച്ചു കൊണ്ടു പോകുന്ന
കാഴ്ചയാണ് കോളനിനിവാസികള്‍ക്ക് മുന്നില്‍ ഉണ്ടായത്. പിറ്റെ ദിവസം ദലിത് സംഘടനകളും DHRMഉം ആണ് ബ്ലാക്കമാന് പിന്നിലെന്ന് സവര്‍ണരാഷ്ട്രീയക്കാര്‍ വ്യാപക പോസ്റ്റര്‍ പ്രചരണം നടത്തി. CPM, BJP, ശിവസേന തുടങ്ങിയ സവര്‍ണ രാഷ്ട്രീയപാര്‍ട്ടികള്‍ രാഷ്ട്രീയ വ്യത്യാസങ്ങളും കൊടിയുടെ നിറവും മറന്ന് പലസ്ഥലങ്ങളിലും ബ്ലാക്ക്മാന്റെ ഉത്തരവാദിത്വം ദലിത് ജനതയുടെമേല്‍ കെട്ടിവെയ്ക്കുവാന്‍ ശ്രമിക്കുകയാണ്. ഇതിന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഒരു വിഭാഗവും പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്.
കഴിഞ്ഞകാലഘട്ടങ്ങളില്‍ ദലിതര്‍ അധിവസിച്ചിരുന്ന ഗ്രാമങ്ങളില്‍ 'മാടന്‍, മറുത, യക്ഷി' തുടങ്ങിയ പിശാചുക്കളുടെ കഥകള്‍ സര്‍വ്വസാധാരണമായി പ്രചരിപ്പിച്ചരുന്നു. ഇതിന്റെ പിന്നില്‍ സാമൂഹ്യവിരുദ്ധരും സദാചാരവിരുദ്ധരുമായ സവര്‍ണരുമായിരുന്നു. സവര്‍ണപുരുഷന്മാരുമായുള്ള അവിഹിതബന്ധങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും അറിയാതിരിക്കാന്‍ ഇത്തരം അന്ധവിശ്വാസകഥകളുടെ പ്രചാരകരായി ദലിത് സ്ത്രീകളും മുന്നിട്ടിറങ്ങിയിരുന്നു. ഇവരിലൂടെ ദലിത്‌സമുദായത്തിലെ പെണ്‍കുട്ടികളെയും യുവതികളെയും ഇത്തരം നിറംപിടിപ്പിച്ച കഥകള്‍ വിശ്വസിപ്പിച്ച് തെറ്റായവഴികളിലേക്ക് തള്ളിവിടാന്‍ ഒരു കാലത്ത് സാധിച്ചിരുന്നു. 
വിദേശത്തുനിന്ന് കടന്നുവന്ന ആര്യന്മാര്‍ വേദകാലഘട്ടത്തില്‍ അടിസ്ഥാനവര്‍ഗ്ഗങ്ങളായ കറുത്തവംശരായ ദലിതരെ അടിച്ചമര്‍ത്താന്‍, രാക്ഷസന്മാര്‍ അസുരന്മാര്‍ ചണ്ടാളര്‍, ദാസന്മാര്‍ തുടങ്ങിയ പേരുകളാണ് നല്‍കിയിരുന്നത്. എക്കാലവും ആര്യന്മാര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരവും കറുത്ത തൊലിയുള്ള മനുഷ്യരും അറപ്പിന്റെയും വെറുപ്പിന്റെയും ചിഹ്നങ്ങളായിരുന്നു. അപരിഷ്‌കൃതമായ ജാതിനിയമ കാലഘട്ടം കഴിഞ്ഞിട്ടും ആര്യന്മാരുടെ പുത്തന്‍ തലമുറയ്ക്ക് മനോഭാവത്തില്‍ ഇപ്പോഴും മാറ്റമുണ്ടാകാത്തത് അതുകൊണ്ടാണ്. അതാണ് ഇത്തരം അന്ധവിശ്വാസകഥകള്‍ ഇന്നും പടര്‍ന്ന് പന്തലിക്കുന്നത്. ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വെള്ളത്തിലാശാന്‍(ജലപിശാച് : നീര്‍നായയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ജലജീവി), മത്സ്യകന്യക(കടലില്‍ വസിക്കുന്ന കാലിന്റെ ഭാഗത്ത് മീന്‍വാലുള്ള മനുഷ്യയുവതി) തുടങ്ങിയ കെട്ടുകഥകള്‍ക്ക് സമാനമാണ് 2012ല്‍ സാംസ്‌കാരിക കേരളത്തില്‍ ഇന്ന് പ്രചരിക്കുന്ന ബ്ലാക്ക്മാന്‍കഥ.
പട്ടികജാതി സങ്കേതങ്ങളിലും കോളനികളിലും രാഷ്ട്രീയവിശ്വാസം ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. സവര്‍ണ രാഷ്ട്രീയപാര്‍ട്ടിക്കാരുടെ രാഷ്ട്രീയവഞ്ചന തിരിച്ചറിഞ്ഞ ദലിതര്‍ പണ്ടത്തെപ്പോലെ പാര്‍ട്ടികള്‍ക്ക് ജാഥ വിളിക്കാനോ, പോസ്റ്റര്‍ ഒട്ടിക്കാനോ , ഗുണ്ടായിസത്തിനോ പോകുന്നില്ല. ഇതിന് സാഹചര്യമൊരുക്കിയത് അംബേദ്കറുടെ പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കുന്ന ദലിത് പ്രസ്ഥാനങ്ങളാണ്. ഇതില്‍ വിറളിപൂണ്ട പ്രാദേശികരാഷ്ട്രീയനേതാക്കളാണ് കറുത്തവരെ ഒറ്റപ്പടുത്താനുള്ള ബ്ലാക്ക്മാന്‍ കഥയ്ക്കുപിന്നില്‍.
അഞ്ജതയിലും അന്ധവിശ്വാസത്തിലും ദാരിദ്രത്തിലും കഴിഞ്ഞുകൂടുന്ന ദലിത് കോളനികളില്‍ ഇത്തരം കെട്ടുകഥകള്‍ തഴച്ചുവളരാന്‍ ഉള്ള സാഹചര്യം ഏറെയാണ്. അതുകൊണ്ടാണ് സവര്‍ണവിഭാഗക്കാരും മറ്റിതര സമുദായങ്ങളും ജീവിക്കുന്ന ഇടങ്ങളില്‍ ബ്ലാക്ക്മാന്‍കഥ ചൂടുപിടിക്കാത്തത്. ഇപ്പോഴത്തെ ബ്ലാക്ക്മാന്‍ കഥയ്ക്ക് സദാചാരവിരുദ്ധരും സവര്‍ണരാഷ്ട്രീയ പ്രസ്ഥാനക്കാരും ഇന്ന് ലക്ഷ്യമിടുന്നത് സമീപകാലത്ത് പട്ടികവിഭാഗ കോളനികളില്‍ ഉണ്ടായ രാഷ്ട്രീയ പ്രബുദ്ധതയാണ്. ദലിത് കോളനിയില്‍ ഇടക്കാലത്തുണ്ടായ സംഘടിതബോധവും രാഷ്ട്രീയ മുന്നേറ്റവും ഈ ജനതയെ കാലാകാലങ്ങളില്‍ ചൂഷണം ചെയ്തുകൊണ്ടരുന്ന രാഷ്ട്രീയ വര്‍ഗീയ ശക്തികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഒരു മാറ്റം ദലിത് കോളനികളില്‍ സാധ്യമായത് കോളനിവാസികളെ ഒന്നിപ്പിക്കുവാനും മുഖ്യധാരയില്‍ എത്തിക്കുവാനുമുള്ള DHRMനെ പോലുള്ള ദലിത് പ്രസ്ഥാനങ്ങളുടെ നിരന്തര പരിശ്രമ ഫലമായാണ്. ഇതിനെ രാഷ്ട്രീയപരമായി തടസപ്പെടുത്താനും തകര്‍ക്കാനുമാണ് വ്യവസ്ഥാപിത രാഷ്ട്രീയ മതശക്തികളുടെ ബ്ലാക്ക്മാന്‍ കഥയെന്ന് ജനാധിപത്യശക്തികള്‍ ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. കറുത്തവരെ ആക്രമിച്ച് ഭയപ്പെടുത്തി നിര്‍ത്താനും ദലിത് കോളനികള്‍ തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്തുവാനും ബ്ലാക്ക്മാന്‍ സംഭവം ഉപകരിക്കുമെന്നാണ് ഇവരുടെ രാഷ്ട്രീയ വിലയിരുത്തല്‍.
ഇന്ത്യയിലും കേരളത്തിലും ഏതു കുറ്റകൃത്യങ്ങലും ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയുന്ന കാലഘട്ടത്തിലാണ് ഇന്നു നാം. എന്നാല്‍ ഊഹാപോഹങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത അമാനുഷികകഥകള്‍ കൊണ്ട് പുരോഗമനപ്രസ്ഥാനങ്ങള്‍ എന്ന് വീമ്പുപറയുന്നവര്‍ തന്നെ ഒരു ജനതയുടെ ജനാധിപത്യസംഘടിത രാഷ്ട്രീയശക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്.