ജനാധിപത്യ വിശ്വാസികളേ...
വൈദേശികവും അപരിഷ്‌കൃതവുമായ ജാതി നിയമവും ഭരണവും തുടച്ചു നീക്കിയാണ് നമ്മുടെ രാജ്യം ജനാധിപത്യം കൈവരിച്ചത്. ആദിമനിവാസികളായ ഇന്ത്യന്‍ വംശജര്‍ അധികാരിയാകരുത് അടിയാളരായിരിക്കണം എന്ന ആര്യന്മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്പനയാണ് ജനാധിപത്യ മാറ്റത്തിലൂടെ അട്ടിമറിക്കപ്പെട്ടത്. എന്നാല്‍ സാമൂഹ്യജനാധിപത്യം നിലവില്‍ വന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദലിതര്‍ വോട്ടിടുന്ന അടിയാളരാകുക! അധികാരിയാകാന്‍ മത്സരരംഗത്തുണ്ടാകരുത്? എന്നതായിരുന്നു ജാതിമേധാവികളുടെ മനോഭാവം. ഇങ്ങനെ നിലകൊള്ളുന്ന വിവിധ പാര്‍ട്ടികളുടെ പേരില്‍ ജാതിവാദികള്‍ നടത്തുന്ന താക്കീത് ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ കേരളത്തില്‍ വ്യാപകമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്. ഇതില്‍ വിറളിപിടിച്ച ജാതിവാദികള്‍ പ്രതികാരമായി സി.പി.എമ്മിന്റേയും സംഘപരിവാറിന്റെയും ലേബലില്‍ പട്ടികജാതി-വര്‍ഗ്ഗ പീഡനം വ്യാപകമായി അഴിച്ചുവിടുകയുണ്ടായി. ഉത്തരേന്ത്യന്‍ ജാതിപീഡനം മനുഷ്യത്വരഹിതമെന്ന് വിമര്‍ശിക്കുന്നവരാണ് ഇവിടത്തെ ജാതിസഖാക്കള്‍. തങ്ങള്‍ക്ക് എക്കാലവും അധികാരിയാകാന്‍ ദലിതര്‍ വോട്ടുകുത്തികളായി തലമുറ തലമുറ ജീവിച്ചില്ലെങ്കില്‍ അവരെ വേട്ടയാടും എന്ന സന്ദേശം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. കൊല്ലം-ചിതറയില്‍ വീടിനു തീവെച്ച് പട്ടികജാതിക്കാരിയായ ശാന്തയെയും കുടുംബത്തെയും ചുട്ടുകൊല്ലാന്‍ ശ്രമിച്ചത് ചിതറ ബ്രാഞ്ച് സെക്രട്ടറി നളിനലോചനനും ജില്ലാപഞ്ചായത്തംഗം ആനന്ദകുസുമവും നേരിട്ടെത്തിയാണ്. തെരഞ്ഞെടുപ്പ് ദിനത്തില്‍ പട്ടികജാതി സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റുമാരെ ആദ്യം സി.പി.എം സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതിലും കലിതീരാത്തതുകൊണ്ടാണ് പട്ടികജാതി സ്ഥാനാര്‍ത്ഥിയെ പിന്‍താങ്ങിയ ശാന്തയെ കുടുംബത്തോടെ വധിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങിയത്. ഇത്തരത്തില്‍ സി.പി.എമ്മിന്റെ ജാതിസഖാക്കള്‍ നേരിട്ട് പങ്കെടുത്ത ദലിത്‌വേട്ട നൂറിന് പുറത്താണ്. ഇതില്‍ ഒരു പ്രതികളെപ്പോലും പോലീസ് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയോ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒത്താശയോടുകൂടി ജാതിഭീകരത പട്ടികവഭാഗങ്ങളുടെ മേല്‍ ക്രൂരമായി തുടരുകയാണ് ചെയ്തത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ നടന്ന ഇത്തരം പീഡനങ്ങള്‍ പോലീസിന്റെ കണ്‍മുമ്പില്‍ വെച്ച് അരങ്ങേറിയത്. അത് ഉത്തരേന്ത്യന്‍ ജാതിമനോഭാവത്തേയും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഒട്ടുമിക്ക ആക്രമണങ്ങള്‍ക്ക് തൊട്ടുമുന്നേ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് കോളനികളില്‍ എത്തുന്നതാണ് സ്ഥിരം രീതി. ഇവര്‍ നടത്തുന്ന പരിസര നിരീക്ഷണത്തിന് അടിസ്ഥാനത്തിലാണ് ജാതിസഖാക്കള്‍ പട്ടികജാതി വംശഹത്യയ്ക്ക് മുന്നിട്ടിറങ്ങുന്നത്. ആക്രമണത്തിനും മര്‍ദ്ദനത്തിനും മുറിവേറ്റ ദലിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം പരാതി വലിച്ചുകീറി പാതിവഴിയില്‍ ഇറക്കിവിടുന്നതാണ് പോലീസിന്റെ ശൈലി. കേരളത്തില്‍ ദലിതര്‍ ഇലക്ഷനു മത്സരിച്ചതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന ജാതീയപീഡനം അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.എച്ച്.ആര്‍.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2010 നവംബര്‍ 8-ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. ജാതീയ പീഡനത്തിനെതിരെയുള്ള ഈ അനിശ്ചിതകാല സമരം ഇന്ത്യാ രാജ്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യ സമരമായി ഇന്നും തുടരുകയാണ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരും ഈ രാജ്യത്തെ പൗരന്മാരാണ്. ഈ ജനതയ്ക്ക് സൈ്വരമായി ജീവിക്കാനും സ്വതന്ത്രചിന്തയില്‍ കഴിയുവാനും അവകാശമുണ്ട്. ഭരിക്കുന്നവരുടെ നേട്ടമായി പരിഗണിക്കേണ്ടത് ഇന്ത്യയിലെ ആദിമനിവാസികളെ കൊന്നൊടുക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നതിലല്ല. ഈ ജനതയുടേയും സംരക്ഷണം ഉറപ്പുവരുത്തുന്നതിലായിരിക്കണം. അനിശ്ചിതകാല സമരത്തിനുശേഷവും ദലിതരുടെ മേലുള്ള ജാതീയ ആക്രമണം മുപ്പതിലും കവിഞ്ഞിരിക്കുന്നു. തൃശ്ശൂരില്‍ പട്ടികവിഭാഗങ്ങള്‍ക്ക് സാമൂഹിക വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനത്തില്‍ ജാതിസഖാക്കള്‍ ആക്രമിച്ച് അഴിഞ്ഞാടിയതില്‍ നിന്ന് ഇവരുടെ തീവ്രവാദ ജാതിമനോഭാവം വ്യക്തമാകും. മനുസ്മൃതിയില്‍ അറിവ് പറയുന്ന ദലിതന്റെ നാവിനെ അറുത്തു മാറ്റുന്നതാണ് ശിക്ഷാവിധിയെങ്കില്‍ മാര്‍ക്‌സിസ്റ്റ് സ്മൃതിയില്‍ കൂര്‍ത്ത കല്ലുകള്‍ കൊണ്ട് കവിള്‍ത്തടവും നാവും മാരകമായി പരിക്കേല്‍പ്പിക്കുന്നതാണ് ശിക്ഷാവിധി. ദലിതര്‍ ജനാധിപത്യം മനസ്സിലാക്കിയാല്‍ ജാതിമേധാവിത്വം തകരും എന്നവര്‍ ഭയപ്പെടുന്നു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ പൂതക്കുളം-കലയ്‌ക്കോട് വയലില്‍ ജാതിമേധാവിത്വം നിലനിര്‍ത്താന്‍ പറ്റാത്തതിന്റെ അമര്‍ഷത്തില്‍ സി.പി.എം റെഡ് വാളിന്റിയര്‍ മാരുടെ അകമ്പടിയോടെ സ: അശോകന്‍ പിള്ള കോളനി ആക്രമണം നടത്തുകയാണ് ചെയ്തത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് എത്തിയെങ്കിലും ആക്രമണത്തിന് ഇരയായ പട്ടികജാതിക്കാരെ കള്ളക്കേസു ചുമത്തി കൊല്ലം ജില്ലാജയിലില്‍ അടയ്ക്കുകയാണുണ്ടായത്. ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ അരങ്ങേറിയ ജാതിഭീകരതയുടെ അവസാനത്തെ ഇരയാണ് 2010 ഡിസംബര്‍ 25-ന് മരണപ്പെട്ട പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ അജിത് കുമാര്‍. പട്ടികജാതി സ്ഥാനാര്‍ത്ഥിയ്ക്ക് സ്വന്തം സഹോദരി അനില നിര്‍ദ്ദേശക ആയതിലാണ് സി.പി.എം ജാതിസഖാക്കളുടെ കടുത്ത വധഭീഷണിയില്‍ അജിത്തിന് ആത്മഹൂതി ചെയ്യേണ്ടി വന്നത്.
യുവതിയെ ബലാല്‍സംഗം ചെയ്ത് പട്ടികജാതിക്കാരെ കുടുംബത്തോടെ കൊലചെയ്യുന്ന ഉത്തരേന്ത്യന്‍ ജാതിനീതി കേരളത്തില്‍ സി.പി.എം സഖാക്കള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത് കാണാന്‍ കെല്പ്പില്ലാതെയാണ് ഇരുപത്താറുകാരനായ പട്ടികജാതി യുവാവ് സ്വന്തം ശരീരം കത്തിച്ച് ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിന് ഉത്തരവാദികളായ ജാതിസഖാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണതലത്തിലെ എല്ലാ മേഖലകളിലും പരാതിപ്പെട്ടിട്ടും പരാതി എന്തെന്ന് തിരക്കാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല. ഇതില്‍ നിന്നും സി.പി.എമ്മിന്റെ പാര്‍ട്ടിനയത്തിന്റെ ഭാഗമാണ് പട്ടികജാതി/വര്‍ഗ്ഗ ജനതയുടെ വംശഹത്യ എന്ന് വ്യക്തമാകും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ DHRM എട്ട് ജില്ലകളിലായി 1088 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. ഇവര്‍ നേടിയത് 60000-ന് പുറത്ത് പരമ്പരാഗത പാര്‍ട്ടിവോട്ടുകളാണ്. ഘടകകക്ഷികളായി ഇരുമുന്നണിയിലും നിലനില്‍ക്കുന്ന പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ നേടുന്നതിനേക്കാള്‍ കൂടുതലായിരുന്നു ഈ വോട്ടുകള്‍. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന കാലത്ത് വിവിധ പ്രദേശത്തെ ജാതി സഖാക്കളുടെ മര്‍ദ്ദനത്തിലും വധഭീഷണിയിലും പിന്തിരിക്കപ്പെട്ടവരും ഉദ്യോഗവൃന്ദത്തിന്റെ കുബുദ്ധിയില്‍ പിന്‍തള്ളപ്പെട്ടതുമായ ദലിത് സ്ഥാനാര്‍ത്ഥിത്വം 2850 ആയിരുന്നു. ഈ ജാതീയപീഡനങ്ങളെ അതിജീവിച്ച് മത്സരരംഗത്ത് എത്തിയവരാണ് 1088 DHRMസ്ഥാനാര്‍ത്ഥികള്‍. ഇവരാണ് മാര്‍ക്‌സിസ്റ്റ് ജാതിസഖാക്കളുടെ വേട്ടയ്ക്ക് ഇന്നും ഇരയായിക്കൊണ്ടിരിക്കുന്നത്. കാരണം കഴിഞ്ഞ അമ്പെത്തെട്ട് വര്‍ഷക്കാലം ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള കമ്മ്യൂണിസ്റ്റ് ജാതിവാദികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കാണ് DHRM- സ്ഥാനാര്‍ത്ഥിത്വം മങ്ങലേല്‍പിച്ചത്. ആറു പതിറ്റാണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടുതട്ടിപ്പിന് ഇരയായിരുന്ന ദലിതര്‍. ഈ ജനത ജനാധിപത്യം തിരിച്ചറിഞ്ഞ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 60000 വോട്ട് നേടി കരുത്ത് തെളിയിച്ചിരുന്നു. ദലിതരുടെ പൗരസ്വാതന്ത്ര്യം തകര്‍ത്ത് അവരെ ചണ്ഡാല സഖാക്കളാക്കി തങ്ങളുടെ കാല്‍ക്കീഴില്‍ എക്കാലവും നിലനിര്‍ത്താന്‍ വേണ്ടിയാണ് ജാതിസഖാക്കള്‍ പ്രത്യക്ഷ ആക്രമണവുമായി ഇന്നും മുന്‍ നിരയില്‍ നില്‍ക്കുന്നത്. പട്ടികജാതി/വര്‍ഗ്ഗ പീഡനം നടത്തുന്നതില്‍ ഇന്ന് ഓരോ പ്രാദേശിക മേഖലകളില്‍ പാര്‍ട്ടിനേതൃത്വവും പോലീസും ജാതിമാധ്യമങ്ങളും പരസ്പര സഹകരണത്തോടെ മത്സരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് DHRM ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയ വോട്ടാണ് ജാതിപാര്‍ട്ടികളുടെ ദലിത് പരമ്പരാഗത വോട്ടുകള്‍ക്ക് ഇളക്കം ഉണ്ടാക്കിയതാണ് ദലിത്‌വേട്ടയ്ക്ക് ആദ്യ കാരണം. ജനാധിപത്യം ചിന്തിക്കുന്ന ദലിതരെ വകവരുത്തി മറ്റു കോളനിവാസികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അധികാരം നിലനിര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് ജാതിസര്‍ക്കാരും ജാതിമാധ്യമങ്ങളും പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായാണ് ദലിത് തീവ്രവാദം കെട്ടിച്ചമച്ചത്. ജനാധിപത്യം ദലിതര്‍ ആഗ്രഹിച്ചതാണ് അവരെ വംശഹത്യ ചെയ്യാനുള്ള കാരണം എന്ന സത്യം ജാതികമ്മ്യൂണിസ്റ്റുകാര്‍ ഇന്നും വെളിപ്പെടുത്തിയിട്ടില്ല. അകാരണമായി ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടിയാല്‍ ഭാവിയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അപകടത്തിലാകും. ഈ ഭയപ്പാടാണ് കമ്മ്യൂണിസ്റ്റ് ജാതിവാദികള്‍ ദലിതരെ ക്രിമിനലുകളാക്കി കീഴ്‌പ്പെടുത്താനുള്ള ഗൂഢശ്രമം നടത്തിയത്. അങ്ങനെയാണ് കൊലപാതകവും കോടതി തീപിടുത്തവും തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ദലിതരില്‍ കെട്ടിവെച്ചത്. ഇതിന്റെ പ്രചരണത്തില്‍ സുജ എന്ന ഇരുപത്തിനാലുകാരിയുടെ ഗര്‍ഭപാത്രം അടിച്ചു തകര്‍ത്തു. കൊച്ചുമോളെന്ന വീട്ടമ്മയെ നഗ്നയായി നടത്തി. ഇരുപത്തിരണ്ടിന് പുറത്ത് പട്ടികജാതി കോളനികള്‍ തകര്‍ക്കപ്പെട്ടു. 200-ന് പുറത്ത് യുവതീയുവാക്കള്‍ പോലീസ് പീഡനത്തിനിരയായി. ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകരെ കേസുകളില്‍ പ്രതിയാക്കി മൂന്നാം മുറയ്ക്ക് വിധേയമാക്കി ജയിലിലടയ്ക്കപ്പെട്ടു. പൊതുസമൂഹത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് ജാതിസര്‍ക്കാരിന് ഏല്‍ക്കേണ്ട രൂക്ഷ വിമര്‍ശനത്തെ ചെറുക്കാന്‍ ജാതിമാധ്യമങ്ങളിലൂടെ ദലിതുകളെക്കുറിച്ചും ഡി.എച്ച്.ആര്‍.എമ്മിനെക്കുറിച്ചും ഭീകരമായ കള്ളക്കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇതിലൂടെ പട്ടികജാതി വിഭാഗക്കാരെ നേര്‍വഴിക്ക് നടത്തി ജനാധിപത്യത്തിന്റെ വക്താക്കളാക്കി മാറ്റുന്ന ദലിത് പ്രവര്‍ത്തനം നിലയ്ക്കുമെന്നു കരുതി. ഇതിനു നേതൃത്വം നല്‍കുന്ന ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഏല്‍ക്കുന്ന പീഡനം സഹിക്കവയ്യാതെ പിന്‍തിരിയും എന്നും കണക്കുകൂട്ടി. അതോടുകൂടി പട്ടികവിഭാഗക്കാര്‍ തങ്ങളുടെ കാല്‍ക്കീഴില്‍ എക്കാലവും തളയ്ക്കപ്പെടും എന്ന് ജാതിവാഴ്ചക്കാര്‍ മനക്കോട്ട കെട്ടി. എന്നാല്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ ജാത്യാധിപത്യം തള്ളിക്കളഞ്ഞ് ജനാധിപത്യം സ്വീകരിച്ച ദലിതര്‍ 5000 പേരാണ്. എങ്കില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അത് 60000 വോട്ട് ആയി വികസിപ്പിച്ച് ഡി.എച്ച്.ആര്‍.എം ജാതിവാദികള്‍ക്ക് ചുട്ട മറുപടി നല്‍കി. ഈ വോട്ടുകള്‍ പന്ത്രണ്ട് ഇരട്ടി പട്ടികവിഭാഗക്കാരില്‍ ജനാധിപത്യചിന്ത വളര്‍ന്നുവെന്ന് തെളിയിക്കുന്നു.
ജനാധിപത്യവ്യവസ്ഥിതിയില്‍ ദലിതര്‍ക്ക് സംഘടിക്കാനും സംഘടനാ പ്രവര്‍ത്തനം ചെയ്യാനും ആത്മാഭിമാനികളായി ജീവിക്കുവാനും അവകാശമുണ്ട്. ഈ അവകാശത്തെ അടിച്ചമര്‍ത്തി ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ജനാധിപത്യ വിരുദ്ധരും രാജ്യദ്രോഹികളുമാണ്. ഇവര്‍ ജനാധിപത്യ വ്യവസ്ഥിതി നേരിടാനുള്ള കരുത്ത് ആര്‍ജ്ജിക്കുന്നതിനുപകരം ഈ രാജ്യത്തെ വീണ്ടും അജ്ഞതയിലേയ്ക്കും അധഃപതനത്തിലേയ്ക്കും തള്ളിവിടുന്ന ജാതിസംസ്‌കാരത്തെ പുനര്‍ജ്ജീവിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് കേരളത്തില്‍ പട്ടികജാതി/വര്‍ഗ്ഗ ജനതയ്ക്കുനേരെ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന മുഴുവന്‍ ജാതിസഖാക്കളെയും അറസ്റ്റു ചെയ്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജാതിഭരണമല്ല കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് തെളിയിക്കണമെന്നും സെക്രട്ടറിയേറ്റിനു മുന്നില്‍ ഡി.എച്ച്.ആര്‍.എം നടത്തുന്ന അനിശ്ചിതകാല സമരത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളം സമ്പൂര്‍ണ്ണ ജനാധിപത്യ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി DHRM (ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ്)-ന്റെ നേതൃത്വത്തില്‍ സെലീനാ പ്രക്കാനം നയിക്കുന്ന പ്രചരണജാഥ 2011 ജനുവരി 30-ാം തീയതി ആരംഭിച്ച് 2011 ഏപ്രില്‍ 14-ാം തീയതി സമാപനം കുറിക്കുന്നു. ഈ പ്രചരണജാഥയ്ക്കു വേണ്ട പിന്തുണയും സഹകരണവും നല്‍കാന്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കറുത്തവിപ്ലവ അഭിവാദനങ്ങളോടെ
20-01-2011
പത്തനംതിട്ട ചന്ദ്രശേഖരന്‍ കല്ലമ്പലം
(സമരസമിതി കണ്‍വീനര്‍)
ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് നടത്തുന്നതും സെലീനാ പ്രക്കാനം നയിക്കുന്നതുമായ പ്രചരണജാഥയ്ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteജനാധിപത്യത്തെ സ്വീകരിച്ചതില്‍ നന്ദി ......
ReplyDelete