Monday, June 13, 2011

ഇത് രണ്ടാം വരവ് :ദാസ്.കെ.വര്‍ക്കല


തിരുവനന്തപുരം: ജാതി ഭരണക്കാരുടെ അടിച്ചമര്‍ത്തല്‍ അതിജീവിച്ച് DHRM കുടുംബകൂട്ടായ്മയ്ക്ക് എത്തിചേര്‍ന്ന ഓരോ കുടുംബങ്ങളോടും നന്ദി ഉണ്ടെന്ന് ദലിത് തീവ്രവാദം കെട്ടിവച്ച് കമ്മ്യൂണിസ്റ്റ് ജാതിഭീകരര്‍ വേട്ടയാടിയ ദാസ്.കെ.വര്‍ക്കല പറഞ്ഞു. 
സാമൂഹിക വിദ്യാഭ്യാസത്തിലൂടെ ദലിതരെ ജനാധിപത്യവ്യവസ്ഥിതിയില്‍ എത്തിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നമുക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധതരം മനുഷ്യാവകാശലംഘനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. ജാതിവ്യവസ്ഥ കൈവിട്ടാല്‍ അവര്‍ക്ക് അധികാരവും ആഢ്യത്ത്വവും നഷ്ടപെടും എന്നവര്‍ ഭയക്കുന്നു. കമ്മ്യൂണിസ്റ്റ് ആശയമായാലും മറ്റേതെങ്കിലും തത്വമായാലും അതിന്റെ മറവില്‍ ജാതിസംസ്‌ക്കാരം തിരികെ കൊണ്ടുവരാന്‍ ആരെയും നാം അനുവദിക്കരുത്. അതില്‍ നാം എപ്പോഴും ജാഗരൂകരായിരിക്കണം. ദലിതരുടെ മോചനവും രാജ്യത്തിന്റെ ഭാവിയും നിലനില്‍ക്കുന്നത് ജനാധിപത്യത്തിലാണ്. ജാതിസംസ്‌ക്കാരത്തെ നിരാകരിക്കുന്നവരെ വംശഹത്യ ചെയ്യുന്ന അപരിഷ്‌കൃതരുടെ രീതി നമ്മുടെ നാട്ടില്‍ നടക്കില്ലാ എന്നതിന് തെളിവാണ് ഈ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ആയിരക്കണക്കിനാളുകള്‍. ഇത് ജാതിവാദികള്‍ക്ക് ഒരു താക്കീതാണ് എന്ന് ദാസ്.കെ.വര്‍ക്കല കൂട്ടിചേര്‍ത്തു.



മുഖ്യധാര ജനത ജനാധിപത്യവിശ്വാസികള്‍ വി.വി.സെല്‍വരാജ്


തിരുവനന്തപുരം: ജാതിനിയമവും സംസ്‌ക്കാരവും നമ്മുടെ രാജ്യത്ത് പാര്‍ശ്വവല്‍ക്കരിക്കപെട്ടിരിക്കുകയാണെന്ന്  DHRM കുടുംബകൂട്ടായ്മയിലെ സന്ദേശത്തില്‍ ചെയര്‍മാന്‍ വി.വി.സെല്‍വരാജ് പറഞ്ഞു.
ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി ജനാതിപത്യമാണ്. ഈ നിയമത്തില്‍ ജീവിക്കുന്നവരാണ് മുഖ്യധാര ജനത. കഴിഞ്ഞ നൂറ്റാണ്ടുവരെ മറ്റു രാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യ അപമാനത്തിന്റെയും അന്ധവിശ്വാസത്തിന്റെയും രാഷ്ട്രമായിരുന്നു.  ഇതിനുകാരണം ജാതിവ്യവസ്ഥയും ഭരണവുമായിരുന്നു. ആ ഭരണരീതി മാറാന്‍ ആയിരക്കണക്കിന് മനുഷ്യസ്‌നേഹികളുടെ കടിനാദ്ധ്വാനമുണ്ടായിരുന്നു. ഇന്നും ജാതിസംസ്‌ക്കാരത്തില്‍ ജീവിച്ച് നൂറ്റാണ്ടുകള്‍ പിന്നിലേയ്ക്ക് നമ്മുടെ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവരെ ജനാധിപത്യ ചിന്തയില്‍ കൊണ്ടുവരാന്‍ ഓരോ DHRM പ്രവര്‍ത്തകരും പരിശ്രമിക്കണം. നൂറ്റാണ്ടുകള്‍ ജാതിനിയമം നമ്മുടെ നാട്ടില്‍ വിതറിയ ദുരന്തത്തേക്കള്‍ ഭീകരമാണ് സാമൂഹിക ജനാധിപത്യ ഇന്ത്യയില്‍ ജാതിമനോഭാവം തുടരുകഎന്നത്. നമ്മുടെ നാട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് നാം ഓര്‍ക്കണം. അത് അജ്ഞാനികളായ ജാതിവാദികളാല്‍ കളങ്കപ്പെടാന്‍ നാം അനുവദിക്കരുതെന്ന് 2011 മെയ് മാസം 29-ാം തിയതി തിരുവനന്തപുരം മുരുക്കുംപുഴ സെന്റ്അഗസ്റ്റ്യന്‍ ഹൈസ്‌ക്കുള്‍ ഗ്രൗണ്ടില്‍ നടന്ന DHRM കുടുംബകൂട്ടായ്മയ്ക്ക് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വി.വി.സെല്‍വരാജ് ഓര്‍മപ്പെടുത്തി.

നാവറുക്കുന്നവരുടെ ജനാധിപത്യ രാഷ്ട്രീയം! സെലീന പ്രക്കാനം


തിരുവനന്തപുരം: 'ഇന്ത്യാ രാജ്യത്ത് ദലിതരും മറ്റു ജനാധിപത്യ വിശ്വാസികളും ജീവിക്കുന്ന കാലഘട്ടത്തില്‍ നമ്മുടെ മണ്ണിനെ അപമാനിക്കാന്‍ നാം ആരെയും അനുവദിക്കരുത്' ഡി.എച്ച്.ആര്‍.എമ്മിന്റെ മാരിയുത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സെലീന പ്രക്കാനം ഡി.എച്ച്.ആര്‍.എം കുടുംബാംഗങ്ങളോട് ആഹ്വാനം ചെയ്തു.
            മുന്‍കാലത്ത് അറിവ് പകരുന്നവരുടെ നാവറുക്കുന്ന ജാതിനീതിയാണ് നിലനിന്നിരുന്നത്. അതിപ്പോള്‍ കുപ്പത്തൊട്ടിയിലെ കൃമീകരിക്കുന്ന വസ്തുക്കളാണ്. അതുകൊണ്ടുതന്നെയാണ് ആ ജാതിസംസ്‌കാരം ഇന്ന് ഈ മണ്ണില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെയുള്ള ജാതിനികൃഷ്ടരേയും ജനാധിപത്യ വ്യവസ്ഥിതിയെ പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും പ്രാപ്തമാക്കുന്ന തരത്തില്‍ ഡി.എച്ച്.ആര്‍.എം കേഡര്‍മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
                            നാം നമ്മുടെ ദേശത്തെ ലോകമാതൃകയാകാന്‍ ശ്രമിക്കണം. അതിന് നമ്മുടെ പ്രവര്‍ത്തിയും മനസ്സും ശരീരത്തോടൊപ്പം സജ്ജമാക്കണം. അതിനായി അറിവിനെ ഉടലോടെ ചേര്‍ക്കേണ്ട ജീവിതചര്യ നടപ്പിലാക്കണം അതാണ് ഗൗതമബുദ്ധന്‍ നമ്മെ പഠിപ്പിച്ചത്. ജാതിയുടെ നിയമരീതികള്‍ മാറിയത് ഇന്നും അറിയാത്ത വിവരദോഷികള്‍ നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ സാമൂഹിക വിദ്യാഭ്യാസം നല്‍കിയ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ തീവ്രവാദിയാക്കി പ്രചരണം ചെയ്യാന്‍ ജാതിമാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് ഭരണക്കാരും പാഴ് വേലയ്ക്ക് ശ്രമിച്ചത്.
            ഇതിനുശേഷമാണ് ഞാന്‍ ഡി.എച്ച്.ആര്‍.എമ്മിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതും; ഇപ്പോള്‍ പ്രവര്‍ത്തകയായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതും. അതുകൊണ്ട് ജനാധിപത്യത്തെ മുറുകെ പിടിക്കാന്‍ അത് ജീവിതചര്യയാക്കാന്‍ നമ്മുടെ ഓരോ കുടുംബങ്ങളും നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. അതിനുള്ള പ്രചോദനമാണ് ദലിത്ബന്ധു എന്‍.കെ ജോസിന്റെ പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ 123-ാം ചരിത്രപുസ്തകം ജനാധിപത്യ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തെകൊണ്ട് പ്രകാശനം ചെയ്യാന്‍ ആഗ്രഹിച്ചതിന് ഡി.എച്ച്.ആര്‍.എം നന്ദി രേഖപ്പെടുത്തുന്നു. ചരിത്രം നഷ്ടമായവരുടെ ചരിത്രം വീണ്ടെടുത്ത ഒരു പിതാവിന്റെ പ്രവര്‍ത്തിയില്‍ ഇന്ത്യയില്‍ പരിണാമം സിദ്ധിച്ചവരുടെ വരും തലമുറയും എന്‍.കെ. ജോസിനോട് കടപ്പെട്ടിരിക്കും. അത് പരശുരാമന്‍ കോടാലിയെറിഞ്ഞ കെട്ടുകഥയായിരിക്കില്ല. നാവറുത്ത ജാതിനീതിക്കെതിരെയുള്ള വരും കാലഘട്ടത്തിന്റെ ഇന്ത്യന്‍ ജനതയുടെ തെളിവ് നിരത്തലായിരിക്കും. ഇതിലൂടെ മാത്രമേ മലിനപ്പെട്ട ജനാധിപത്യത്തെ ശുദ്ധീകരിക്കാനും നാവറുക്കുന്ന ജാതിവാദികളെ നിലയ്ക്കു നിര്‍ത്താനും നമുക്ക് കഴിയൂ.


ഉടമയെ എങ്ങനെ അടിമയാക്കി?:ദലിത് ബന്ധു N.K ജോസ്


തിരുവനന്തപുരം:ഇന്ത്യയില്‍ പരിണാമം സിദ്ധിച്ച ജനതയെ ആരാണ് അടിച്ചമര്‍ത്തിയത്? ഈ ജനതയുടെ സര്‍വ്വവും കവര്‍ന്നെടുത്തതാരാണ്. ഈചിന്തയാണ് തന്റെ ജീവിതത്തില്‍  ഇത്തരം ചരിത്രഅന്വേഷണത്തിന് കാരണമായത് എന്ന് പ്രശസ്ത ചരിത്രകാരന്‍ ദലിത് ബന്ധു N.K ജോസ് തന്റെ 123-ാം പുസ്തകമായ ദിവാന്‍ മണ്‍റോയുടെ പ്രകാശന കര്‍മ്മത്തില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ രാജ്യം ഊഹാപോഹങ്ങളുടേയും കെട്ടുകഥകളുടേയും ചരിത്രങ്ങള്‍ക്കൊണ്ട് കുത്തി നിറച്ചവയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം പറയാനുള്ള നേര്‍അവകാശികള്‍ ഇവിടത്തെ ദലിതരാണ്. ഈ ജനതയെയാണ് കടന്നുകയറ്റക്കാര്‍ വിദ്യാഹീനരും അടിമയുമാക്കി ജാതിനിയമത്തിലൂടെ തകര്‍ത്തെറിഞ്ഞത്. ഈ ജനത ജനാധിപത്യത്തില്‍ ഉണരാന്‍ ചരിത്രം പഠിക്കുകയും മനസിലേറ്റുകയും വേണം. അത് കാലത്തെ മാറ്റിമറിക്കാനുള്ള ഇന്ധനമാണ്.


ജാതി ചരിത്രകാരന്മാര്‍ സൂക്ഷിക്കുക രമ്യ കെ.ആര്‍.


ഇന്ത്യാരാജ്യത്തെ ഇന്നും മലിനപ്പെടുത്തുന്ന ഒരു കൂട്ടര്‍ ജാതിചരിത്രകാരന്മാരാണ്. ഇവരുടെ ഉറക്കം കെടുത്താന്‍ ഇന്ത്യയില്‍ ഒരേ ഒരു ചരിത്രകാരനാണുള്ളത്. അത് ദലിത് ബന്ധു N.K.ജോസാണ്. പ്രശസ്തചരിത്രകാരന്‍ ദലിത് ബന്ധു N.K ജോസിന്റെ 123-ാം ചരിത്രപുസ്തകം പ്രകാശനം ചെയ്യ്തുകൊണ്ട് സ്വതന്ത്രനാട്ടുവിശേഷം പത്രാധിപര്‍ രമ്യ.കെ.ആര്‍ പറഞ്ഞു. ആയുസിന്റെ ഒട്ടുമുക്കാല്‍ സമയവും ചരിത്രരചനയ്ക്ക് മാറ്റിവെച്ച ജീവിതമായിരുന്നു ദലിത് ബന്ധുവിന്റേത്. അതിലൂടെ ആയിരത്താണ്ടുകളായി സ്വത്വം തിരിച്ചറിയാതെ കഴിഞ്ഞ ദലിതര്‍ക്ക് ആത്മാഭിമാനത്തിന്റേയും അധികാരത്തിന്റേയും പൂര്‍വ്വകാല ജീവിതമാണ് തിരികെ ലഭിച്ചത്. 'ദിവാന്‍മണ്‍റോ'യുടെ പ്രകാശനത്തോടനുബന്ധിച്ച് ദലിത് ബന്ധുവിനെ മാധ്യമ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആദരിച്ചു.