Monday, June 13, 2011

നാവറുക്കുന്നവരുടെ ജനാധിപത്യ രാഷ്ട്രീയം! സെലീന പ്രക്കാനം


തിരുവനന്തപുരം: 'ഇന്ത്യാ രാജ്യത്ത് ദലിതരും മറ്റു ജനാധിപത്യ വിശ്വാസികളും ജീവിക്കുന്ന കാലഘട്ടത്തില്‍ നമ്മുടെ മണ്ണിനെ അപമാനിക്കാന്‍ നാം ആരെയും അനുവദിക്കരുത്' ഡി.എച്ച്.ആര്‍.എമ്മിന്റെ മാരിയുത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സെലീന പ്രക്കാനം ഡി.എച്ച്.ആര്‍.എം കുടുംബാംഗങ്ങളോട് ആഹ്വാനം ചെയ്തു.
            മുന്‍കാലത്ത് അറിവ് പകരുന്നവരുടെ നാവറുക്കുന്ന ജാതിനീതിയാണ് നിലനിന്നിരുന്നത്. അതിപ്പോള്‍ കുപ്പത്തൊട്ടിയിലെ കൃമീകരിക്കുന്ന വസ്തുക്കളാണ്. അതുകൊണ്ടുതന്നെയാണ് ആ ജാതിസംസ്‌കാരം ഇന്ന് ഈ മണ്ണില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെയുള്ള ജാതിനികൃഷ്ടരേയും ജനാധിപത്യ വ്യവസ്ഥിതിയെ പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും പ്രാപ്തമാക്കുന്ന തരത്തില്‍ ഡി.എച്ച്.ആര്‍.എം കേഡര്‍മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
                            നാം നമ്മുടെ ദേശത്തെ ലോകമാതൃകയാകാന്‍ ശ്രമിക്കണം. അതിന് നമ്മുടെ പ്രവര്‍ത്തിയും മനസ്സും ശരീരത്തോടൊപ്പം സജ്ജമാക്കണം. അതിനായി അറിവിനെ ഉടലോടെ ചേര്‍ക്കേണ്ട ജീവിതചര്യ നടപ്പിലാക്കണം അതാണ് ഗൗതമബുദ്ധന്‍ നമ്മെ പഠിപ്പിച്ചത്. ജാതിയുടെ നിയമരീതികള്‍ മാറിയത് ഇന്നും അറിയാത്ത വിവരദോഷികള്‍ നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ സാമൂഹിക വിദ്യാഭ്യാസം നല്‍കിയ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ തീവ്രവാദിയാക്കി പ്രചരണം ചെയ്യാന്‍ ജാതിമാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് ഭരണക്കാരും പാഴ് വേലയ്ക്ക് ശ്രമിച്ചത്.
            ഇതിനുശേഷമാണ് ഞാന്‍ ഡി.എച്ച്.ആര്‍.എമ്മിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതും; ഇപ്പോള്‍ പ്രവര്‍ത്തകയായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതും. അതുകൊണ്ട് ജനാധിപത്യത്തെ മുറുകെ പിടിക്കാന്‍ അത് ജീവിതചര്യയാക്കാന്‍ നമ്മുടെ ഓരോ കുടുംബങ്ങളും നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. അതിനുള്ള പ്രചോദനമാണ് ദലിത്ബന്ധു എന്‍.കെ ജോസിന്റെ പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ 123-ാം ചരിത്രപുസ്തകം ജനാധിപത്യ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തെകൊണ്ട് പ്രകാശനം ചെയ്യാന്‍ ആഗ്രഹിച്ചതിന് ഡി.എച്ച്.ആര്‍.എം നന്ദി രേഖപ്പെടുത്തുന്നു. ചരിത്രം നഷ്ടമായവരുടെ ചരിത്രം വീണ്ടെടുത്ത ഒരു പിതാവിന്റെ പ്രവര്‍ത്തിയില്‍ ഇന്ത്യയില്‍ പരിണാമം സിദ്ധിച്ചവരുടെ വരും തലമുറയും എന്‍.കെ. ജോസിനോട് കടപ്പെട്ടിരിക്കും. അത് പരശുരാമന്‍ കോടാലിയെറിഞ്ഞ കെട്ടുകഥയായിരിക്കില്ല. നാവറുത്ത ജാതിനീതിക്കെതിരെയുള്ള വരും കാലഘട്ടത്തിന്റെ ഇന്ത്യന്‍ ജനതയുടെ തെളിവ് നിരത്തലായിരിക്കും. ഇതിലൂടെ മാത്രമേ മലിനപ്പെട്ട ജനാധിപത്യത്തെ ശുദ്ധീകരിക്കാനും നാവറുക്കുന്ന ജാതിവാദികളെ നിലയ്ക്കു നിര്‍ത്താനും നമുക്ക് കഴിയൂ.


No comments:

Post a Comment